Posts

Showing posts from March, 2023

മറവി

ഓർക്കണമെന്ന് പറഞ്ഞാൽ നീയെന്നെ ഓർക്കുമോ? അതോ ഏതോ ആൾക്കൂട്ടത്തിൽ യാദൃശ്ചികമായി കണ്ട  ഒരാളെയെന്നപോലെ.. ഏതോ മഴയിൽ ഒരിത്തിരി ദൂരം കുടപകുത്തൊരപരിചിതനെപ്പോലെ.. ദൂരയാത്രയിൽ ചാരേക്ക് ക്ഷണിച്ച് ഇരിപ്പിടം നീട്ടിയ മുഖമോർക്കാത്ത ആ സഹയാത്രികനെപ്പോലെ.. ഒരു തീവണ്ടിയാത്രയിൽ നിന്നെ മാത്രം നോക്കി കൈ വീശിയ ഏതോ ഒരു നിഷ്കളങ്കമായ  ചിരിയെന്ന പോലെ.. യാത്രക്കിടയിൽ തെല്ലിറങ്ങി വന്ന് വഴി ചോദിച്ച ഓർത്തെടുക്കാനാവാത്ത ആ ഒരു മനുഷ്യനെയെന്ന പോലെ ഓർമ്മയുടെ ഒരിടത്തിലും എത്ര ശ്രമിച്ചാലും ഓർത്തെടുക്കാനാവാത്ത എല്ലാ മുഖങ്ങളെയും പോലെ എന്നെയും നീ മറന്നേക്കുമോ?....