ഒരു ഡിസംബർ കൂടി...
ഡിസംബർ ....
നിന്നെ എനിക്കൊരുപാട് ഒരുപാടു ഇഷ്ടമാണ്...മഞ്ഞുപെയ്യുന്ന രാത്രികളും,നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും...തണുത്ത പുലരികളും കൊണ്ട് നീ കടന്നുവരുമ്പോൾ എന്തെന്നറിയാത്ത ഒരു സന്തോഷം...
പിന്നിട്ട മാസങ്ങളിലെ സന്തോഷങ്ങളും ദുഖങ്ങളും,നേട്ടങ്ങളും,നഷ്ടങ്ങളുമെല്ലാം നിന്നിൽ ഞാൻ അഴിച്ചു വയ്ക്കുന്നു...
കുട്ടിക്കാലത്തെ ഡിസംബർ മാസങ്ങൾ ഉണ്ണിയേശുവിന്റെ വരവിനായുള്ള കാത്തിരുപ്പുകളുടെ ദിവസങ്ങൾ ആണ്...നവംബറിന്റെ അവസാനം ആകുമ്പോഴേക്കും നക്ഷത്രങ്ങൾ ഇടാനും,ഏറ്റവും നന്നായി പുൽകൂട് ഒരുക്കാനുമുള്ള ആവേശമാണ്...ഏറ്റവും ഭംഗിയുള്ള നക്ഷത്രം തേടി എല്ലാ കടകളും കയറിയിറങ്ങും,പിന്നെ തെന മുളപ്പിക്കലും, പുല്കൂടിനുള്ള സാധനങ്ങൾ ഒരുക്കലും എല്ലാം കൂടി ഒരു ആഘോഷമാണ് ...ഇതിന്റെ ഇടയിൽ ഒരു കല്ല് കടി ആയി വരുന്ന ക്രിസ്തുമസ് പരീക്ഷ മിക്കവാറും ഉഴപ്പായിരിക്കും...
വീണ്ടും ഒരു ക്രിസ്തുമസ് കൂടി ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ,മറവിയുടെ മാറാലകൾക്കിടയിലും കല്ലിൽ കൊത്തിയ പോലെ ഓർമ്മയിൽ നില്ക്കുന്ന ചില ക്രിസ്തുമസ് ഓർമ്മകൾ കൂടിയാണ് കടന്നുവരുന്നത്...
ദാരിദ്ര്യം ഓലമേഞ്ഞ വീട്ടിലെ രാത്രികളിലേക്ക് ചന്ദ്രനും,നക്ഷത്രങ്ങളും,മഴയും,മഞ്ഞും വിരുന്നുകാരായി വന്നിരുന്ന ഒരു കാലം...നേരെ നോക്കിയാൽ ഓല ദ്രവിച്ച വിടവിൽ കൂടി നക്ഷത്രങ്ങളും ,ചന്ദ്രനും കൂടി കണ്ണുപ്പൊത്തികളിക്കുന്ന മനോഹരമായ കാഴ്ചകൾ രാത്രിയിലെ ഉറക്കത്തിനു മേമ്പോടിയായി എത്തും...മഴക്കാലം ചാണകം മെഴുകിയ തറയിൽ കൂടി തോണി തുഴയാവുന്ന അവസ്ഥ...ചോർന്നൊലിക്കുന്ന മഴയിൽ പാഠപുസ്തകങ്ങളും,ഞങ്ങളും മേശയുടെ അടിയിൽ സ്ഥാനം പിടിക്കും...ആ വീട്ടിൽ മഴ നനയാതിരിക്കാൻ പറ്റിയ ഒരേ ഒരു സ്ഥലം ആ മേശയുടെ അടിഭാഗം മാത്രമാണ്...അങ്ങനെ ഒരു വീട്ടിൽ ക്രിസ്തുമസ് ആയപ്പോഴേക്കും ഉണ്നിയേശുവിനും ഒരു വീടൊരുക്കണം...മഴ ഇല്ലാത്തതു കൊണ്ട് നനയില്ല..പക്ഷെ മഴയുടെ ബാക്കിപത്രം പോലെ ദ്രവിച്ചു പോയ ഓലയിൽ അസ്ഥികൂടം പോലെ ഈര്ക്കിലികൾ മാത്രമേ ബാക്കി ഉള്ളു...എങ്കിലും കാലിതൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിനു വേണ്ടി ഞങ്ങളുടെ കുടിലിൽ ഞങ്ങളും ഒരുക്കി മനോഹരമായ ഒരു പുൽകൂട്...
ക്രിസ്തുമസ് രാത്രിയിൽ കരോൾ സംഘങ്ങൾക്ക് വേണ്ടി ഉറക്കമൊഴിഞ്ഞുള്ള കാത്തിരുപ്പുകൾ,അന്നൊക്കെ ..മൂന്നും,നാലും,കരോൾ സംഘങ്ങൾ വരും... കുടുക്കയിൽ നിന്നും നേരത്തേ കൂട്ടിവച്ച ചില്ലറ തുട്ടുകളും,അമ്മയുടെ കൈയ്യിൽ നിന്നും വാങ്ങി വച്ച പൈസയും എല്ലാം ഉണ്ണിയേശുവിന് കാഴ്ചവയ്ക്കും...ആ ചില്ലറ തുട്ടുകൾ ഏറ്റവും വലിയൊരു നിധിപോലെയാണ് ഉണ്ണിയേശുവിന് കൊടുക്കുന്നത്...
അന്നത്തെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു മഴയത്ത് ചോരാത്ത ഒരു വീട്...ഉണ്നിയേശുവിനോടുള്ള പ്രാർത്ഥനകളിൽ ഏറ്റവും മുൻപിൽ നിന്നിരുന്ന പ്രാർത്ഥന..
വർഷങ്ങൾക്കിപ്പുറം ആഗ്രഹിച്ചതും,സ്വപ്നം കണ്ടെതുമെല്ലാം
ഇരട്ടിയായി കിട്ടി....ഒന്നിന് പകരം,രണ്ടും,മൂന്നും വീടുകൾ ..താമസിക്കാൻ
ആളില്ലാതെ വാടകയ്ക്ക് കൊടുക്കേണ്ട അവസ്ഥ...
എന്നിട്ടും പണ്ട് ഇല്ലായിമയിലും ഉണ്ണിയേശുവിന് വേണ്ടി പുൽകൂട് ഒരുക്കി കാത്തിരുന്ന ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ കാത്തിരിപ്പിനോളം ഓർമ്മയിൽ നില്ക്കുന്ന ഒരു ക്രിസ്തുമസുകളും ജീവിതത്തിൽ പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല....
ഒരു ക്രിസ്തുമസ് കൂടി ജീവിതത്തിലേക്ക് കടന്നുവരികയാണ്.....നന്മയുടെയും,സന്തോഷത്തിന്റെയും,സമാധാനത്തിന്റെയും പുൽകൂടുകൾ നമ്മുടെ ഹൃദയങ്ങളിലും ഒരുക്കി ഉണ്ണിയേശുവിനെ വരവേല്ക്കാൻ നമുക്ക് കാത്തിരിക്കാം...
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി!!!! ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
Comments
Post a Comment